രക്ഷിക്കാനായി മരിക്കയോ?
ഞാൻ മുമ്പ് പോസ്റ്റ് ചെയ്ത വിഷയത്തിന്റെ ബാക്കിയാണ് ഇവിടെ പറയുന്നത്. തികച്ചും ക്രിസ്തീയ വീക്ഷണത്തിൽ നിന്നാണ് ഇവിടെ ചിലത് കുറിക്കുന്നത്. സാമാന്യബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ പലർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ശരിക്കും എന്തിന് യേശു ക്രൂശിൽ മരിച്ചു എന്നുള്ളത്. പൊതുവായി ഒന്ന് രണ്ട് കാര്യം പറഞ്ഞിട്ട് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാം . ജഡമനുഷ്യൻ ആത്മമനുഷ്യൻ ഒരു മനുഷ്യന്റെ ഉള്ളിൽ രണ്ട് വ്യക്തികൾ ആണുള്ളത്. സാധാരണ മനുഷ്യനെ നയിക്കുന്ന ഉള്ളിലുള്ള വ്യക്തിയെ ആണ് നമ്മൾ ബുദ്ധി എന്ന് പറയുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള രണ്ടാമത്തെ വ്യക്തിയെ ആണ് ആത്മാവ് എന്ന് പറയുന്നത്. ഏതാണ്ട് ഒരു വാഹനത്തിൽ തന്നെ ഇലക്ട്രിക് മോട്ടോറും പെട്രോൾ എൻജിനും ഫിറ്റ് ചെയ്തിരിക്കുന്നത് പോലെ. ഈ രണ്ടു വ്യക്തികളിൽ ഏതെങ്കിലും ഒന്നായിരിക്കും ഒരു മനുഷ്യനെ മുന്നിൽ നിന്ന് നയിക്കുന്നത്. മറ്റെല്ലാ ജീവജാലങ്ങളെയും പോലെ ബുദ്ധിയാൽ നയിക്കപ്പെടുന്ന മനുഷ്യനെ ജഡ മനുഷ്യൻ എന്നു വിളിക്കാം. ആത്മാവിനാൽ നയിക്കപ്പെടുന്ന മനുഷ്യനെ ആത്മമനുഷ്യൻ എന്നു വിളിക്കാം. ഏതു മനുഷ്യനും ജനിക്കുന്നത് ജഡ മനുഷ്യനായിട്ടാണ്. ...